‘ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കൊന്നും ദുഃഖമുണ്ടായില്ലേ’; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേന്ദ്രമന്ത്രി NATIONAL September 8, 2017, 5:39 pm

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ബിജെപിക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗൗരിക്ക് നീതി തേടി രംഗത്തെത്തിയ ബുദ്ധിജീവികളും പുരോഗമനവാദികളും കേരളത്തിലും കര്‍ണാടകത്തിലും ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെ പോയിരുന്നു എന്നാണ് രവിശങ്കര്‍ പ്രസാദ് ചോദിച്ചത്. പുരോഗമനം പറയുന്ന ഇവരുടെ മുഖമുദ്ര കാപട്യമാണ്. കേരളത്തിലും കര്‍ണാടകയിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ വായും പൂട്ടിയിരുന്ന ഇവരെല്ലാം ഈ മാധ്യമപ്രവര്‍ത്തകയ്ക്കായി മുറവിളി കൂട്ടുന്നു.
ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം. ജീവനു ഭീഷണി ഉണ്ടായിരുന്ന ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തി. കേസില്‍ അന്വേഷണം ആരംഭിക്കുന്നതു മുന്‍പേ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതില്‍നിന്നും ഊഹിക്കാമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു

നക്‌സല്‍ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനുളള ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടു കൂടിയായിരുന്നോ. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് മതിയായ സുരക്ഷ സര്‍ക്കാര്‍ നല്‍കിയില്ലന്നും അദ്ദേഹം ചോദിച്ചു.

© 2025 Live Kerala News. All Rights Reserved.