ജസ്റ്റിസ് ദീപക് മിശ്ര 45ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു; തിയേറ്ററിലെ ദേശീയഗാനം അടക്കം മിശ്രയുടെ സുപ്രധാന വിധികള്‍ ഇവയാണ്

ദീപ്ക് മിശ്ര ഇന്ത്യയുടെ 45ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹര്‍ വിരമിച്ച ഒഴിവിലാണ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്. 1977ലാണ് മിശ്ര അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കുന്നത്. 2011ലാണ് മിശ്ര സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
അടുത്ത പതിനാല് മാസത്തിനിടയില്‍ നിരവധി ചുമതലകളാണ് സ്ഥാനമേറ്റ പുതിയ ചീഫ് ജസ്റ്റിസിനെ കാത്തിരിക്കുന്നത്. ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ദീപക് മിശ്രയുടെ ഉത്തരവ് വിവാദം സൃഷ്ടിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന കര്‍ശന ഉത്തരവ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയതും ദീപക് മിശ്രയാണ്. യാക്കൂബ് മേമന്റെ ദയാ ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര. ഡല്‍ഹി നിര്‍ഭയ കേസില്‍ വിധിപറഞ്ഞ മൂന്നംഗ ബെഞ്ചിലും അംഗമായിരുന്നു.

വിവാദ കേസുകളായ ബാബറി മസ്ജിദ്, കാവേരി നദീ ജല തര്‍ക്കം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 35 തുടങ്ങിയ കേസുകളില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന വാദം ദീപക് മിശ്രയായിരിക്കും പരിഗണിക്കുക.

© 2025 Live Kerala News. All Rights Reserved.