മുത്തലാഖിന് വിലക്ക്; സുപ്രീം കോടതി വിധി പറഞ്ഞത് ഭൂരിപക്ഷ തീരുമാന പ്രകാരം; ഭരണഘടനാ വിരുദ്ധമെന്ന് മൂന്ന് ജസ്റ്റിസുമാര്‍

മുത്തലാഖിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് ഒറ്റയടിക്കുള്ള മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധി പ്രഖ്യാപിച്ചെങ്കിലും മറ്റ് മൂന്ന് ജഡ്ജിമാര്‍ ഭരണാഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് വിധിപ്രസ്താവത്തില്‍ പറഞ്ഞത്. ഇതിനെ ജസ്റ്റിസ് അബ്ദുള്‍ നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഈ വിധിയെ അംഗീകരിക്കുന്നുവെന്നാണ് ജസ്റ്റിസ് അബ്ദുള്‍ നാസര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും ഒപ്പം ഭരണഘടനാ ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, യുയു ലളിത് എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മതാചാരത്തിന്റെ ഭാഗമായി മാത്രം കാണാനാവില്ലെന്നുമുള്ള നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് ഒറ്റയടിക്കുള്ള മുത്തലാഖ് വിലക്കിയത്.
മറ്റ് മുസ്ലീം വിവാഹമോചന രീതികള്‍ക്ക്‌ രീതികള്‍ക്ക് വിലക്ക് ബാധകമല്ല. ഒറ്റയടിക്കുള്ള മുത്തലാഖ് ഇസ്ലാമികമല്ലെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വാദം. നിരോധിക്കണമെന്നും എങ്കില്‍ പുതിയ നിയമം കൊണ്ടുവരുമെന്നും കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഭരണഘടനയുടെ 32മത്തെ വകുപ്പ് പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാല്‍, അത് പാര്‍ലമെന്റിന് വിടാതെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിണ്ടന്‍ നരിമാന്‍ തന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മേയ് 18ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നത്. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരാണ് കേസിലെ മറ്റൊരു കക്ഷി. മുത്തലാഖ് ഭരണാഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സമുദായത്തിലെ തന്നെ സ്ത്രീകള്‍ നല്‍കിയ പരാതിയും ഖുറാന്‍ സുന്നത്ത് സൊസൈറ്റി, ഷയാറ ബാനോ, അഫ്രീന്‍ റഹ്മാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഇസ്രത്ത് ജഹാന്‍, അതിയ സബ്രി എന്നിവര്‍ നല്‍കിയ പരാതികളിലും കോടതി വിശദമായ വാദം കേട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.