പാര്‍ട്ടി ശക്തിപ്പെടുത്താനെത്തിയ അമിത് ഷാ ഭക്ഷണം കഴിച്ചത് ശൗചാലയമില്ലാത്ത വീട്ടില്‍; ആറ് മാസമായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് ബിജെപി പ്രവര്‍ത്തകന്‍

ഭോപ്പാല്‍: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ഭക്ഷണം കഴിക്കാനെത്തിയത് ശൗചാലയമില്ലാത്ത വീട്ടില്‍. ആറ് മാസമായി ശൗചാലയത്തിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് അമിത് ഷായ്ക്ക് ആതിഥ്യമരുളിയ കമാല്‍ സിങ് ഉയ്ക്ക് പറഞ്ഞു.
പാര്‍ട്ടി ശക്തിപ്പെടുത്താനായുള്ള ത്രിദിന മധ്യപ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്നലെ അമിത് ഷാ സവാനിയ ഗോഡ് മേഖലയിലുള്ള ആദിവാസി ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നന്ദകുമാര്‍ സിങ് ചൗഹാന്‍ എന്നിവരോടൊപ്പമായിരുന്നു അമിത് ഷായുടെ ഉച്ചയൂണ്. അമിത് ഷാ ആദിവാസി ബിജപി പ്രവര്‍ത്തകന്റെ വീട്ടിലെത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളും എത്തി. ഉച്ചയൂണ് കഴിഞ്ഞ് ദേശീയ അദ്ധ്യക്ഷന്‍ പോയ ഉടന്‍തന്നെയാണ് തന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന് ബിജെപി പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് തുറന്നടിച്ചത്.

ബിജെപി ഭരിക്കുന്ന ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 26-ാം വാര്‍ഡിലാണ് ഉയ്ക്കിന്റെ ഏഴംഗ കുടുംബം താമസിക്കുന്നത്. താന്‍ ആറ് മാസം മുമ്പ് ശൗചാലയത്തിന് അപേക്ഷ നല്‍കിയതാണെന്നും ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഉയ്ക്ക് പറഞ്ഞു. ശൗചായമില്ലാത്തതിനാല്‍ തങ്ങള്‍ പ്രശ്‌നത്തിലാണെന്ന് ഉയ്ക്കിന്റെ ഭാര്യും കുടുംബാംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷാ വന്നതോടെ ശൗചാലയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉയ്ക്കിന്റെ കുടുംബം.

© 2025 Live Kerala News. All Rights Reserved.