ഒടുവില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞു; ‘ഗോരഖ്പൂരിലെ കുട്ടികളുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തുന്നു; സാധ്യമായതെല്ലാം ചെയ്യും’

ഒടുവില്‍ ദിവസങ്ങള്‍ക്കുശേഷം ഗോരഖ്പൂരിലെ പിഞ്ചുകുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുശോചനം. ചെങ്കോട്ടയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ശിശുമരണങ്ങളില്‍ മൗനം ഭേദിച്ചതും. ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഃഖകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കുട്ടികളുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തുന്നു. ഇത്തരം സങ്കടങ്ങള്‍ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും.
മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യ അവസരമുളള പുതിയ ഇന്ത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാകിസ്താനെതിരായ ആക്രമണത്തിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരച്ചറിഞ്ഞിരിക്കുകയാണെന്നും മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
2022ല്‍ സ്വാതന്ത്ര്യസമരനായകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും. കശ്മീര്‍ പ്രശ്‌നത്തിന് ബുളളറ്റുകള്‍ പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും അഭിപ്രായം നേടിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.