പിഞ്ചുകുട്ടികളുടെ മരണത്തില്‍ ഗോരഖ്പൂര്‍ കരയുന്നു; ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ ആദിത്യനാഥിന്റെ ഉത്തരവ്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബിആര്‍ഡി ആശുപത്രിയില്‍ ഒരാഴ്ച്ചയ്ക്കിടെ എഴുപത് കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി സുല്‍ഖാന്‍ സിങ്ങിന് ആദിത്യനാഥ് കൈമാറി. ആദിത്യനാഥ് ഡിജിപി നല്‍കിയ വിജ്ഞാപനത്തില്‍ കൃഷ്ണാഷ്ടമി വളരെ പ്രധാനപ്പെട്ട ആഘോഷണമാണെന്നും പാരമ്പര്യ രീതിയില്‍ ആഘോഷം സംഘടിപ്പിക്കാന്‍ പൊലീസ് ശ്രമിക്കണമെന്നും പറയുന്നു.
70 കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അനാസ്ഥ പൂര്‍ണമായും നിരാകരിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് ആദിത്യനാഥ് നടത്തിയത്. കുട്ടികളുടെ മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് എന്നായിരുന്നു ആശുപത്രി സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ നടുക്കിയ ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ മോഡി മൗനം പാലിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.അതിനിടെ രാജ്യത്തെ ഞെട്ടിച്ച ദുരന്തം നടന്നിട്ടും ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുള്ള അനാസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ബിആര്‍ഡി ആശുപത്രിയില്‍ നിന്ന് ഇപ്പോഴും പുറത്തുവരുന്നത്.

അതേസമയം ഗൊരഖ്പൂര്‍ ദുരന്തത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. ഹര്‍ജിക്കാരനോട് ഹെെക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

© 2025 Live Kerala News. All Rights Reserved.