ന്യൂഡല്‍ഹി: ബോഫോഴ്‌സ് അഴിമതിക്കേസ് സിബിഐ വീണ്ടും അന്വേഷിക്കുന്നു. പാര്‍ലിമെന്ററി സമിതിക്ക് ഇത് സംബന്ധിച്ച് സിബിഐ വിവരം നല്‍കി. പുനരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സിബിഐ ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് സമിതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. കേന്ദ്ര നിയമമന്ത്രാലയം ഉടന്‍ ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോഫോഴ്‌സ് അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അഴിമതിയെ കുറിച്ചും, കരാറിലെ പാളിച്ചകളെ കുറിച്ചും വീണ്ടും അന്വേഷണം നടത്താമെന്ന് പിഎസി സിബിഐക്ക് നിര്‍ദേശം നല്‍കിയത്. കേസില്‍ ആരോപണ വിധേയരായ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, പ്രകാശ് ചന്ദ്, എന്നിവരെയും ബോഫോഴ്‌സ് കമ്പനിയെയും കുറ്റവിമുക്തമരാക്കിയ കോടതി ഉത്തരവിനെതിരെ സിബിഐ അപ്പീലിനു പോകാത്തതെന്തെന്നും പിഎസി ചോദിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് അപ്പീലിന് പോകാതിരുന്നതെന്നാണ് സിബിഐ നല്‍കിയ മറുപടി. കേസ് റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിലവിലുളള ഹര്‍ജിയെ അനുകൂലിക്കാമെന്ന് സിബിഐ അറിയിച്ചു. ബിജെപി നേതാവ് അജയ് അഗര്‍വാളാണ് ബോഫോഴ്സ് കേസ് റദ്ധാക്കിയതിനെതിരെ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചത്.
രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ബോഫോഴ്‌സ് വിവാദം ഉയരുന്നത്. ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ള ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട് സിബിഐ കോടതി കുറ്റവിമുക്തനാക്കിയ ക്വത്‌റോച്ചി 1993 ല്‍ ഇന്ത്യ വിട്ടിരുന്നു. പിന്നീട് നിരവധി തവണ കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ക്വത്‌റോച്ചി ഹാജരായിരുന്നില്ല. 2013 ജൂലൈയില്‍ ക്വത്‌റോച്ചി മരിച്ചു.
ഇറ്റാലിയന്‍ ആയുധ നിര്‍മ്മാണ കമ്പനിയായ ബോഫേഴ്‌സില്‍ നിന്ന് പീരങ്കികള്‍ വാങ്ങിയതില്‍ നാല്പത് കോടി രൂപ രാജീവ് ഗാന്ധിയും സുഹൃത്ത് വിന്‍ ഛദ്ദയും ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടോവിയൊ കൊത്രോച്ചിയും കമ്മീഷന്‍ വാങ്ങി എന്നാണ് ആരോപണം.
പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റസര്‍ലാന്‍ഡിലെ എബി ബോഫേഴ്‌സുമായി 1986 ലാണ് ഇന്ത്യ 1437 കോടിയുടെ കരാറിലേര്‍പ്പെട്ടത്. കരാര്‍ ലഭിക്കുന്നതിനായി രാഷ്ട്രീയക്കാര്‍ക്കും ഉന്നത് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് 1990 ജനുവരി 22ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.