ന്യൂ ഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന് ആശ്വാസമെന്ന് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രക്ഷയ്ക്കുണ്ടായതില്‍ ദൈവത്തിന് നന്ദി പറയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ. അവസാനം വരെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ അഭിമാന പോരാട്ടത്തില്‍ മുട്ടുകുത്താതിരുന്നതിന്റെ ആശ്വാസം സോണിയ ഗാന്ധിയുടെ ആദ്യ പ്രതികരണത്തില്‍ ഉണ്ടായിരുന്നു.
“തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായതില്‍ ദൈവത്തിന് നന്ദി. ഈ വിജയം ആശ്വാസകരവും സന്തോഷം നല്‍കുന്നതുമാണ്. ടെന്‍ഷന്‍ ശമിച്ചു.”
സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ
ഗുജറാത്തിലെ നിലവിലെ അവസ്ഥയെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് സോണിയ ഗാന്ധി പ്രതികരിച്ചത്. എന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്.
ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടത്തില്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചടി നേരിടുമ്പോള്‍ അമിത് ഷായുടെ തന്ത്രങ്ങളില്‍ വീഴാതെ ഗുജറാത്തില്‍ പിടിച്ചുനില്‍ക്കാനായതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.