‘കാരണമുള്ളവര്‍ക്ക് പഴയ നോട്ട് മാറാന്‍ അവസരം നല്‍കണം’; കേന്ദ്ര സര്‍ക്കാരിനോടും ആര്‍ബിഐയോടും സുപ്രീംകോടതിയുടെ നിര്‍ദേശം

നോട്ട് നിരോധന സമയത്ത് റദ്ദാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയ പരിധി നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. മതിയായ കാരണമുള്ളവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ അനുവാദം നല്‍കണം എന്ന് ആര്‍ബിഐയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഒരാള്‍ ന്യായമായി സമ്പാദിച്ച പണം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് കോടതി ആര്‍ബിഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കി
പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു. എന്നാല്‍ നോട്ട് മാറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനമാണ് എടുത്തതെന്നാണ് കേസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. പഴയ നോട്ട് മാറ്റി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേനലവധിയ്ക്ക് ശേഷം പരിഗണിക്കുമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് ജെഎസ് ഖഹര്‍, ഡി.വൈ ചന്ദ്രചൗധ്, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.