എംപിമാര്‍ക്ക് എയര്‍ ഇന്ത്യയിലെ വിഐപി പരിചരണം മാത്രം പോര, സ്വകാര്യ എയര്‍ലൈനുകളിലും വേണം പരിഗണന; വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ നീക്കം

എയര്‍ ഇന്ത്യയിലേത് പോലെ തന്നെ സ്വകാര്യ എയര്‍ലൈനുകളിലും എംപിമാര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള ‘പ്രോട്ടോകോള്‍’ വ്യോമയാന മന്ത്രാലയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ബിജെപി എംപിമാരുടെ എയര്‍ലൈന്‍ ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റം വിവാദമായ കാലത്താണ് വിഐപി പരിചരണം സ്വകാര്യ എയര്‍ലൈനുകളിലും നിര്‍ബന്ധമാക്കാനുള്ള ശ്രമം. നേതാക്കള്‍ക്ക് ‘ചുവന്ന പരവതാനി’ വിരിച്ചുള്ള പ്രത്യേക പരിചരണത്തിന് സ്വകാര്യ എയര്‍ലൈനുകളോട് തയ്യാറാകണമെന്ന് ആവശ്യപ്പെടാന്‍ അടുത്ത വെള്ളിയാഴ്ച മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിയന്ത്രിത എയര്‍ ഇന്ത്യയിലേത് പോലെയുള്ള സേവനങ്ങള്‍ സ്വകാര്യ എയര്‍ലൈനുകളിലും വേണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എയര്‍ ഇന്ത്യയും സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്ന കാലത്ത് പ്രൈവറ്റ് എയര്‍ലൈനുകള്‍ക്കായി പ്രത്യേക പ്രോട്ടോകോള്‍ രൂപീകരിക്കാനാണ് സിവില്‍ ഏവിയേഷന്റെ നീക്കം.
പ്രോട്ടോകോള്‍ സംബന്ധിച്ച് പ്രൈവറ്റ് എയര്‍ലൈനുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ജോയന്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 30ന് യോഗം ചേരുമെന്നാണ് നോട്ടീസിലുള്ളത്.

വിമാനത്താവളങ്ങളിലും വിമാനയാത്രകളിലും പ്രത്യേക പരിചരണവും വിഐപി ട്രീറ്റ്‌മെന്റും വേണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ നാളുകളായി മന്ത്രാലയത്തെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.