പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ്ങില്‍ ഗൂര്‍ഖാലാന്‍റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ജനമുക്തി മോര്‍ച്ച നേതാവിന്റെ ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു. ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ്ങിന്റെ ഓഫീസാണ് പശ്ചിമ ബംഗാള്‍ പൊലീസ് റെയ്ഡ് ചെയ്തത്. ഓഫീസില്‍ നിന്നും കത്തി, അരിവാള്‍, സ്ഫാടക വസ്തുക്കള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഗൂര്‍ഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്നും വിനോദ സഞ്ചാരികളോട് ഡാര്‍ജലിങ്ങ് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഗുരുങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പൊലീസ് നടപടി. ഗൂര്‍ഖാലാന്റ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭകരുടെ ആവശ്യത്തിന് അനുകൂല നയമാണ് ബിജെപി സ്വീകരിക്കുന്നത്. ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് ബിജെപി എംപി എസ് ആലുവാലിയ പ്രക്ഷോഭകരോട് പറഞ്ഞു. ബുധനാഴ്ച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിഷയത്തില്‍ ഗവര്‍ണര്‍ കേസരി നാദ് ത്രിപതിയെ കണ്ടിരുന്നു. ജനമുക്തി മോര്‍ച്ചയുടെ പ്രേക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഗോര്‍ഖലാന്റ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി സി മുരുഗനാണ്.
സംസ്ഥാനത്ത് ബംഗാള്‍ ഭാഷ നിര്‍ബന്ധമാക്കി കൊണ്ടുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഡാര്‍ജലിങ്ങില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്.