കോണ്‍ഗ്രസിനുള്ളിലും രാഹുല്‍ ഗാന്ധിക്ക് ‘പപ്പു’ വിളി; മുന്നുംപിന്നും നോക്കാതെ പാര്‍ട്ടി നേതാവിന്റെ സ്ഥാനം തെറിപ്പിച്ചു

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച നേതാവിനെതിരെ കോണ്‍ഗ്രസ് ശിക്ഷാനടപടി. മീററ്റിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിവേക് പ്രധാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പപ്പുവെന്ന് വിളിച്ചത്. രാഹുല്‍ ഗാന്ധിയെ പുകഴ്ത്തുന്നതിന് ഇടയിലാണ് ‘പപ്പു’ എന്ന് വിളിച്ചത്. ബിജെപി നേതാക്കളും രാഹുലിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരുമാണ് രാഹുല്‍ വെറും കുട്ടിയാണെന്നും വകതിരിവില്ലാത്തനുമാണെന്ന് പരിഹസിച്ച് പപ്പുവെന്നും അമൂല്‍ ബേബിയെന്നുമെല്ലാം വിളിക്കാറ്. കോണ്‍ഗ്രസിനുള്ളില്‍ നിന്നും അതേ വിളി ഉയര്‍ന്നതോടെ പ്രാദേശിക നേതാവിനെ മുന്നും പിന്നും നോക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനമാനങ്ങളില്‍ നിന്ന് മാറ്റി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്‌സാപ് ഗ്രൂപ്പിലെ വിനയ് പ്രധാന്റെ പ്രതികരണമാണ് വൈറലായത്. എന്നാല്‍ ആരോപണം നിഷേധിച്ച പ്രധാന്‍ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചിത്രങ്ങളാണെന്നും പറഞ്ഞു. സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്ത് തന്നെ കരിവാരി തേക്കാന്‍ ഉപയോഗിക്കുകയാണ് തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് പാര്‍ട്ടി നടപടിയെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിനെതിരായി ഇത്തരത്തിലൊരു ഭാഷ ഒരു കാലത്തും ഉപയോഗിക്കില്ലെന്നും പ്രധാന്‍ വിശദമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷനെ നേരില്‍ കണ്ട് തെറ്റിധാരണ മാറ്റാനുള്ള ശ്രമത്തിലാണ് പ്രാദേശിക നേതാവ്.

സ്വന്തം താല്‍പ്പര്യത്തെക്കാള്‍ രാഹുല്‍ പ്രധാന്യം നല്‍കുന്നതു രാജ്യതാല്‍പ്പര്യത്തിനാണെന്നും അദാനി, അംബാനി, മല്യ തുടങ്ങിയവരുടെ പാര്‍ട്ടികളിലൊന്നും പപ്പു പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ക്കൊപ്പം പപ്പുവിന് ചേരാമായിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ല. മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നിട്ടും അത് ചെയ്തില്ല. എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയെ പ്രധാന്‍ വാഴ്ത്തിയത്.
അച്ചടക്ക സമിതി യോഗം ചേര്‍ന്നാണ് ഉത്തര്‍പ്രദേശിലെ പ്രാദേശിക നേതാവിനെ ഉടനടി സ്ഥാനത്ത് നിന്ന് നീക്കിയത്.

© 2025 Live Kerala News. All Rights Reserved.