കന്നുകാലി കച്ചവടം ഓണ്‍ലൈനാക്കി തെലങ്കാന. കന്നുകാലികളെ വില്‍പ്പനയ്ക്കും വാങ്ങലിനുമായി തിങ്കളാഴ്ച്ച തെലങ്കാനയില്‍ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. പശുബസാര്‍. തെലങ്കാന.ജിഒവി.ഇന്‍ എന്ന വെബ്‌സൈറ്റിലൂടെ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഇനി കന്നുകാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കര്‍ഷകരുടെ ഗതാഗത ചിലവുള്‍പ്പെടെ കുറച്ച് കന്നുകാലി കൃഷി കൂടുതല്‍ ലാഭകരമാക്കാനാണ് പുതിയ വെബ്‌സൈറ്റ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്ക്‌സ് സെന്ററിന്റെ സഹായത്താല്‍ രൂപപ്പെടുത്തിയ വെബ്‌സൈറ്റ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്രയാണ് ഉദ്ഘാടനം ചെയ്തത്. ഓണ്‍ലൈന്‍ വഴിയുള്ള കന്നുകാലികച്ചവടത്തിനും കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ ബാധകമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ വി. ജഗന്നാഥ ചാരി പറഞ്ഞു. ഒരു തവണ 5 കന്നുകാലികളെ മാത്രമേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. 30 ദിവസമാണ് രജിസ്‌ട്രേഷന്റെ കാലവധി. കന്നുകാലിക്ക് പുറമെ പട്ടി, ആട്, എരുമ എന്നിവയേയും വെബ്‌സൈറ്റിലൂടെ വില്‍ക്കാം.
കന്നുകാലി ചന്തയിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് കൂടുതല്‍ ചിലവ് ആവശ്യമാണെന്നും ഇത്തരത്തിലുള്ള അധിക ചിലവുകള്‍ വെബ്‌സൈറ്റ് വഴി നിയന്ത്രിക്കാമെന്നും പശുബസാര്‍ എന്ന് പേരിട്ട വെബ്സെെറ്റിന്റെ ആമുഖത്തില്‍ പറയുന്നു.