യോഗിയുടെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആക്രമണം; വ്യാപാരിയേയും കുടുംബത്തെയും ‘കവര്‍ച്ചക്കാര്‍’ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ വ്യാപാരിയെയും കുടുംബത്തെയും വെടിവെച്ചുകൊന്നു. 60കാരനായ സുനില്‍ ജയ്സ്വാളിനെയും ഭാര്യയേയും മകനെയുമാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ബിസിനസ് സ്ഥാപനത്തില്‍ നിന്ന് മകന്‍ ഋത്വിക്കിനൊപ്പം മടങ്ങിയെത്തിയ സുനില്‍ ജയ്‌സ്വാളിനെ രണ്ടുപേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്രമി സംഘം ജയ്‌സ്വാളിന്റെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി.
ശബ്ദം കേട്ട് സംഭവസ്ഥലത്തെത്തിയ അയല്‍വാസിയ്ക്ക് നേരയെും അക്രമി സംഘം വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് പൊലീസില്‍ വിവരം അറിയിച്ചത്. മോഷണ ശ്രമത്തിനിടയിലെ കൊലപാതകമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. രണ്ട് ബൈക്കിലായെത്തിയ നാല് പേരാണ് ആക്രമണത്തിനു പിന്നില്‍.
തുടര്‍ച്ചയായി ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ജനം ആശങ്കയിലാണ്. സീതാപൂരില്‍ കഴിഞ്ഞ ദിവസം ഒരു വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു.

ഒരാഴ്ച്ചയ്ക്ക് മുന്‍പ് അലഹബാദില്‍ 36 കാരനായ വ്യാപാരിയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം തോക്കിന്‍ മുനയില്‍ നാല് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.