അഭിമാനത്തേരേറി ഐഎസ്ആര്‍ഒ; ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് വൈകീട്ട 5.28നാണ് മാര്‍ക്ക് ത്രീ വിക്ഷേപിച്ചത്. ഫാറ്റ് ബോയ് എന്ന് വിളിപ്പേരുള്ള റോക്കറ്റ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്‌നപദ്ധതിയിലെ നിര്‍ണായക ചുവട് കൂടിയാണ്.

ഭാരമേറിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ ലക്ഷ്യം.
മൂന്ന് ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കന്റിലാണ് റോക്കറ്റ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിഇ20 എന്ന ക്രയോജനിക് എഞ്ചിനാണ് മാര്‍ക്ക് ത്രീക്ക് ശക്തി പകരുന്നത്. ഇന്റര്‍നെറ്റ് വേഗത, ഡിടിഎച്ച് ശേഷി എന്നിവ പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ജിസാറ്റ് 19 ന്റെ വിജയകരമായ വിക്ഷേപണത്തിനാകും.
ഐഎസ്ആര്‍ഒയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ അഭിനന്ദിച്ചു. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.