പത്താന്‍കോട്ട്: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു പടിഞ്ഞാറന്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. മാംഗുണ്‍ ആര്‍മി കന്റോണ്‍മെന്റ് ബേസിലും പരിസര പ്രദേശങ്ങളിലും ആര്‍മിയും എസ്.ഡബ്യൂ.എ.ടി കമാന്‍ഡോകളും പൊലീസും നടത്തിയ തിരച്ചിലിലാണ് ചാക്കില്‍ ഒളിപ്പിച്ച ബാഗ് കണ്ടെത്തിയത്.
ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മേയ് നാലിനും സൈനിക കേന്ദ്രത്തിന് സമീപത്തു നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു. ഈ ബാഗുകളില്‍ നിന്ന് മൊബൈല്‍ ടവര്‍ ബാറ്ററികളും സേന കണ്ടെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി എന്‍എസ്ജി കമാന്‍ഡര്‍ നിരജ്ഞന്‍ അടക്കം എഴ് സൈനികര്‍ കൊലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് എത്തിയ ആറ് തീവ്രവാദികളെയും സൈന്യം വധിച്ചു.