കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ബാധിതം; 24,000 കോടി രൂപ കേന്ദ്ര ധനസഹായം; 65 ശതമാനവും കുടിവെള്ള പദ്ധതികള്‍ക്ക് വിനിയോഗിക്കണം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ ബാധിത ഇടങ്ങളായി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് മറ്റു വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍.

വരള്‍ച്ച നേരിടാനായി സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപ നല്‍കും. തുകയുടെ 65 ശതമാനം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണം. ഏപ്രിലില്‍ തന്നെ തുക അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങള്‍ക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ അമ്പത് തൊഴില്‍ ദിനങ്ങള്‍ അധികം ലഭിക്കും.
കേരളത്തെ വരള്‍ച്ച ബാധിതമായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മഴയുടെ അഭാവത്തില്‍ സംസ്ഥാനത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമാണ് കടന്നുപോയത്. മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.