ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു; ഡ്രൈവര്‍ മരിച്ചു

 

മലപ്പുറം: ദേശീയപാതയില്‍ ചങ്കുവെട്ടിക്കടുത്ത് എടരിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. റോഡില്‍ നിന്ന് അന്‍പത് അടിയോളം താഴെ വയലിനോടു ചേര്‍ന്ന തോട്ടിലേക്കാണു ടാങ്കര്‍ മറിഞ്ഞത്. ടാങ്കറിന്റെ കാബിനില്‍ ഉണ്ടായിരുന്ന മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഒസിയുടെ ചേളാരി പ്ലാന്റിലേക്കു പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. ഗ്യാസ് ടാങ്കര്‍ കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടെങ്കിലും ആറു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു. മറിഞ്ഞ ടാങ്കര്‍ റോഡിലേക്കു കയറ്റാന്‍ കഴിഞ്ഞിട്ടില്ല. വാഹനത്തിന് അടിയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ മറിഞ്ഞത് ഗ്യാസ് ടാങ്കറാണെന്നും തീപിടിത്തമുണ്ടായിരിക്കുന്നുവെന്നും കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. ഗ്യാസ് ടാങ്കര്‍ കാലിയാണെന്നു മനസിലായതോടെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായത്. അപകടം നടന്ന ഉടന്‍ തൊട്ടടുത്ത പള്ളിയില്‍ നിന്ന് മൈക്കിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മലപ്പുറം, കോഴിക്കോട് യൂണിറ്റുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു.

PHOTO CURTESY: MANORAMA

 

© 2025 Live Kerala News. All Rights Reserved.