മലപ്പുറം ജില്ലാ സഹകരണബാങ്കില്‍ അഞ്ച് ദിവസം കൊണ്ട് 266 കോടിയുടെ നിക്ഷേപം;നിക്ഷേപത്തിന് കൃത്യമായ രേഖകളില്ല; കെവൈസി ചട്ടങ്ങള്‍ പാലിച്ചില്ല; അക്കൗണ്ട് തുറക്കാനായി ഹാജരാക്കിയ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണബാങ്കില്‍ നടന്ന റെയ്ഡില്‍ നവംബര്‍ 10 മുതല്‍ 14 വരെയുളള ദിവസങ്ങളിലായി വ്യക്തമായ രേഖകള്‍ പാലിക്കാതെയും കണക്കുകളില്ലാതെയും കോടികളുടെ നിക്ഷേപം സിബിഐ കണ്ടെത്തി. അവശ്യരേഖകളില്ലാതെ 266 കോടി രൂപ കണ്ടെത്തിയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍, മലപ്പുറം,തൃശൂര്‍ എന്നി വടക്കന്‍ ജില്ലകളിലെ സഹകരണ ബാങ്കുകളില്‍ പരിശോധന നടക്കുന്നത്.മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ഓഫിസില്‍ രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പുളള അഞ്ചുദിവസങ്ങളിലായിട്ടാണ് ജില്ലാ സഹകരണ ബാങ്കിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 266 കോടി രൂപ നിക്ഷേപമായി എത്തിയതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴില്‍ 120 സഹകരണ സംഘങ്ങളുണ്ട്. 50 ലക്ഷം രൂപ മുതല്‍ 5 കോടി വരെ വിവിധ നിക്ഷേപങ്ങളാണ് വന്നത്. ഇതോടൊപ്പം വ്യക്തിഗത നിക്ഷേപങ്ങളുമുണ്ട്.എന്നാല്‍ നിക്ഷേപകരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ല. കൈവൈസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. തുടര്‍ന്ന് അക്കൗണ്ട് തുറക്കാനായി ഹാജരാക്കിയ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

© 2025 Live Kerala News. All Rights Reserved.