പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കി;പാര്‍ട്ടിയും എംഎല്‍മാരും തനിക്കൊപ്പമെന്ന് ശശികല; പിന്നില്‍ ഡിഎംകെയെന്നും ആരോപണം

ചെന്നൈന്മ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും നേര്‍ക്കുനേര്‍.
മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി വി.കെ ശശികല അറിയിച്ചു. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും അവര്‍ അറിയിച്ചു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ പറഞ്ഞു.ചെന്നൈ മറീനബീച്ചില്‍ ജയലളിത സമാധിയില്‍ പനീര്‍ശെല്‍വം നടത്തിയ നിര്‍ണായക നീക്കങ്ങള്‍ക്കുശേഷം പോയസ് ഗാര്‍ഡനില്‍ ശശികല വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് പുറത്താക്കല്‍ പ്രഖ്യാപനം. രാത്രി വൈകി മാധ്യമങ്ങളെ കണ്ട ശശികല പനീര്‍സെല്‍വത്തിന്റെ പിന്നില്‍ ഡിഎംകെയാണെന്ന് ആരോപിച്ചു. തന്റെ പിന്നില്‍ എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ്. പാര്‍ട്ടിയില്‍ പളര്‍പ്പില്ല. ഗവര്‍ണര്‍ എത്തിയാലുടന്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നും ശശികല പറഞ്ഞു. ഇന്നുരാവിലെ പത്തുമണിക്ക് മുന്‍പായി എഐഡിഎംകെയിലെ എംഎല്‍എമാരുടെ നിര്‍ണായക യോഗം പോയസ്ഗാര്‍ഡനില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ശശികലയുടെ മറുപടിക്ക് പിന്നാലെ ഡിഎംകെ നേതാവ് സ്റ്റാലിനും പനീര്‍ശെല്‍വത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പനീര്‍ശെല്‍വത്തെ ഭീഷണിപ്പെടുത്തിയാണ് ശശികല രാജിവെപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്ത് സ്വതന്ത്യമായി പ്രവര്‍ത്തിക്കാന്‍ പോലും പനീര്‍ശെല്‍വത്തെ ശശികല അനുവദിച്ചിരുന്നില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്നും അടിയന്തരമായി ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.