ലോ അക്കാദമിയില്‍ നടന്ന മാര്‍ക്ക് ദാനത്തില്‍ തുടരന്വേഷണത്തിന് ശുപാര്‍ശ;ലക്ഷ്മി നായരുടെ ഭാവി മരുമകളില്‍നിന്നു മൊഴിയെടുക്കും

തിരുവനന്തപുരം: ലോ അക്കാദമിയില്‍ അനധികൃതമായി മാര്‍ക്ക് ദാനം നല്‍കിയെന്ന ആരോപണത്തില്‍ തുടരന്വേഷണത്തിനു ശുപാര്‍ശ. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി. നായരില്‍നിന്നു മൊഴിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. സിന്‍ഡിക്കറ്റ് പരീക്ഷാ ഉപസമിതിയുടേതാണു തീരുമാനം. ഇന്റേണല്‍ മാര്‍ക്ക് ഘടന പരിഷ്‌കരിക്കാനും ഉപസമിതി ശുപാര്‍ശ ചെയ്തു.ഇന്നുച്ചയ്ക്ക് നടക്കുന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്‍പായാണ് ഉപസമിതിയുടെ ശുപാര്‍ശകള്‍. പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ലക്ഷ്മിനായരെ ഉപസമിതി നീക്കിയിട്ടുണ്ട്. ഈ മാസം 23നായിരിക്കും ലക്ഷ്മിനായരില്‍ നിന്നും മൊഴിയെടുക്കുന്നത്.ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട പരാതികളില്‍ ഒന്നായിരുന്നു ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ അനുരാധാ പി. നായര്‍ക്ക് മാര്‍ക്ക് ദാനം നല്‍കിയെന്നുള്ളത്. നാലാം സെമസ്റ്ററില്‍ പഠിക്കുമ്പോള്‍ ഇവര്‍ക്ക് 50 ശതമാനത്തില്‍ത്താഴെ മാത്രമേ ഹാജര്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവര്‍ക്ക് 20ല്‍ 19 മാര്‍ക്കും ഇന്റേണല്‍ മാര്‍ക്കായി നല്‍കിയെന്നത്.പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണം നടത്തിയ സര്‍വകലാശാല ഉപസമിതിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ ഉപസമിതി ഇവരില്‍നിന്നു കൂടുതല്‍ തെളിവെടുക്കാന്‍ തീരുമാനിച്ചത്. അനുരാധ പി. നായരില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കും.

© 2025 Live Kerala News. All Rights Reserved.