ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണം നേരിടുന്ന റഷ്യക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കാനായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ഇ- മെയില്‍ ഹാക്ക് ചെയ്‌തെന്ന ആരോപണമാണ് റഷ്യ നേരിടുന്നത്.അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഏതൊരു വിദേശ ശക്തി ഇടപെടല്‍ നടത്തിയാലും അമേരിക്ക അതിനെതിരെ നടപടിയെടുക്കും. എപ്പോള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അമേരിക്കയാണ് തീരുമാനിക്കുക. ചിലപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടാവാം, ചിലപ്പോള്‍ രഹസ്യമായിട്ടായിരിക്കും ഒബാമ പറഞ്ഞു. എന്നാല്‍ റഷ്യയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ആരോപണം നിഷേധിച്ചിരുന്നു. ആരോപണം പരിഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.റഷ്യന്‍ ഭരണകൂടവുമായി ബന്ധമുള്ളവരാണ് ഇ-മെയില്‍ ഹാക്കിങ്ങിന് പിറകിലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇ-മെയില്‍ വിവാദം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണ്ണായകമായിരുന്നു. ജനുവരി 20ന് ഒബാമ സ്ഥാനം ഒഴിയുകയാണ്.