സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി; ഇളവ് നല്‍കുന്നത് നോട്ട് നിരോധനത്തിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കും

ന്യൂഡല്‍ഹി:സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഇപ്പോള്‍ ഇളവ് നല്‍കിയാല്‍ നോട്ട് നിരോധനത്തിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കില്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. ഇളവ് നല്‍കിയാല്‍ സര്‍ക്കാരിന്റെ പദ്ധതിയെ ബാധിക്കില്ലേ എന്നും കോടതി ചോദിച്ചു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം നല്‍കി. നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ സുപ്രീംകോടതി സഹകരണ ബാങ്കുകള്‍ക്ക് അനുവാദം നല്‍കി.ഡിസംബര്‍ 30നു ശേഷം സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവന്നേക്കാമെന്നും അതിനു ശേഷം വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ആഴ്ചയില്‍ 24000 രൂപ എന്ന പരിധി വെച്ചിട്ടും എന്തുകൊണ്ട് ആളുകള്‍ക്ക് പണം ലഭിക്കുന്നില്ല എന്നു കോടതി ചോദിച്ചു. അതേസമയം സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് സഹകരണബാങ്കുകള്‍ക്ക് ഇളവുനല്‍കുമെന്നാണ് കേന്ദ്രം നിലപാട് അറിയിച്ചിരുന്നത്. ബാങ്ക് നിക്ഷേപങ്ങളിലെ 80 ശതമാനവും പുതിയ നോട്ടുകളില്‍ ആയതിനുശേഷമാകും ഇളവ് നല്‍കുക. ഇപ്പോള്‍ 50 ശതമാനം നിക്ഷേപം പുതിയ നോട്ടുകളില്‍ ആിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

© 2025 Live Kerala News. All Rights Reserved.