ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നതിന് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെയുളളത്. കൂടാതെ കോളെജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജിഷ്ണുവിെന്റ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൃഷ്ണദാസിന് ഹൈകോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സര്‍ക്കാറും ജിഷ്ണുവിെന്റ മാതാവ് മഹിജയും ഹര്‍ജി നല്‍കിയിരുന്നത്.ഈ മാസം രണ്ടിനാണ് ജിഷ്ണുകേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അവസാനിക്കുന്നത് വരെ കോളെജില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തിലാണ് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.