ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് സംഭാവനയായി ലഭിച്ച പണം വെട്ടിച്ചതിന് തെളിവുണ്ടെന്നു ഗുജറാത്ത് പൊലീസ്. സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രേഖകള്‍ കൈവശമുണ്ടെന്നു പൊലീസ് അറിയിച്ചത്. 2002ലെ കലാപ ബാധിതര്‍ക്കു സഹായമെത്തിക്കുന്ന ഇവരുടെ സംഘടനയ്ക്ക് സംഭാവനയായി ലഭിച്ച 9.75 കോടി രൂപയില്‍ നിന്നും 3.85 കോടി രൂപ ടീസ്റ്റയും ഭര്‍ത്താവും വെട്ടിച്ചെന്നാണ് പൊലീസിന്റെ ആരോപണം.ടീസ്റ്റ, ഭര്‍ത്താവ് ജാവേദ് ആനന്ദ്, അവരുടെ ട്രസ്റ്റുകള്‍ എന്നിവയ്‌ക്കെതിരായ 83 പേജ് സത്യവാങ്മൂലമാണ് എസിപി രാഹുല്‍ ബി. പട്ടേല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ടീസ്റ്റയും ഭര്‍ത്താവും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി), സബ്രാങ് എന്നിവയാണ് ടീസ്റ്റയുടെ ട്രസ്റ്റുകള്‍. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടത്തിയ ആക്രമണത്തിന് ഇരയായവരെക്കുറിച്ചുള്ള അന്വേഷണത്തോട് ഇവര്‍ സഹകരിച്ചില്ലെന്നാണ് ആരോപണം.ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയെങ്കിലും ഇവരെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് പൊലീസിനെ സുപ്രീംകോടതി വിലക്കിയിരുന്നു. അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ പൊലീസ് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയെക്കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മിഷനെയും ഇരുവരും സമീപിച്ചിരുന്നു.2002ലെ കലാപത്തിനുശേഷം ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കണ്ടെത്താന്‍ മുന്‍പന്തിയില്‍ നിന്നിരുന്നയാളാണ് ടീസ്റ്റ സെതല്‍വാദ്.