കോതമംഗലത്തെ ആനവേട്ട: ആറുപ്രതികള്‍ക്കെതിരെ അറസ്റ്റുവാറണ്ട്

 

കോതമംഗലം: മലയാറ്റൂര്‍, വാഴച്ചാല്‍ വനമേഖലകളില്‍ കാട്ടാനകളെ കൊന്ന് കൊമ്പെടുക്കുന്ന വന്‍ നായാട്ട് സംഘത്തിന്റെ ആറുപേര്‍ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. ഒളിവില്‍പ്പോയ ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും.

ഈ നായാട്ട് സംഘത്തിന്റെ പാചകക്കാരന്‍ വടാട്ടുപാറ ചക്കിമേട് സ്വദേശി കെ.ടി. കുഞ്ഞുമോന്‍ സ്വമേധയാ കീഴടങ്ങി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മലയാറ്റൂര്‍ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട തുണ്ടം, കരിമ്പാനി, ഇടമലയാര്‍, പൂയംകുട്ടി, കൊല്ലത്തിരിമേട്, മലക്കപ്പാറ വനങ്ങള്‍ കേന്ദ്രീകരിച്ച് നായാട്ട് നടത്തിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് വനം വകുപ്പിന് ലഭിച്ചിട്ടുള്ളത്.

കുട്ടമ്പുഴ സ്വദേശികളായ ആറ് പേരാണ് അന്തസ്സംസ്ഥാന ആനവേട്ട സംഘത്തിലുള്ളത്. സംഘത്തിലെ വെടിവെപ്പുകാര്‍ കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ അയ്ക്കര വാസു, ആണ്ടികുഞ്ഞ് എന്നറിയപ്പെടുന്ന ജിജോ, എല്‍ദോസ് എന്നിവരാണ്. ഇവര്‍ക്കെതിരെയും പേരുവെളിപ്പെടുത്താത്ത മൂന്നുപേര്‍ക്കെതിരെയുമാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.