
മലപ്പുറം: മലപ്പുറം കളക്‌ട്രേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുണ്ടായ സ്‌ഫോടനം ഉത്തരേന്ത്യയില്‍ ഗോമാംസം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട അക്‌ലാഖിന്റെ മരണത്തിന് പകരമെന്ന് കുറിപ്പ്. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് കണ്ടെടുത്ത പെട്ടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്.സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബേസ് മൂവ്‌മെന്റിന്റെ പേരില്‍ ഒരു പെട്ടി കണ്ടെടുത്തു. ഇതില്‍ നിന്നും ഒരു കത്തും പെന്‍ഡ്രൈവും കണ്ടെടുത്തിട്ടുണ്ട്. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത രീതിയിലുള്ള കത്താണ് ഇത്. ഇന്‍ ദ നെയിം ഓഫ് അള്ളാ എന്ന് തുടങ്ങുന്ന കത്ത് ഇന്ത്യയുടെ ഭൂപടത്തിന് മുകളിലായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. അക് ലാഖിന്റെ മരണം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും കൗണ്ട് യുവര്‍ ഡെയ്‌സ് (നാളുകള്‍ എണ്ണിക്കോ) എന്നും കത്തിലെഴുതിയിട്ടുണ്ട്. ബിന്‍ ലാദന്റെ ചിത്രവും കത്തിലുണ്ട്. കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ കോടതികളില്‍ സ്‌ഫോടനം നടത്തിയത് ദ ബെയ്‌സ് മൂവ് മെന്റ് എന്ന സംഘടനയാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയാണിതെന്നാണ് അധികൃതര്‍ കരുതുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യമെങ്കില്‍ കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.