
ഭോപ്പാല്‍: മധ്യപ്രദേശ് ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ എട്ട് സിമി (സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകരെയും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഭോപ്പാലിലെ നഗരപ്രാന്ത പ്രദേശമായ ഐന്ത്‌ഖേദിഗ്രാമത്തില്‍വെച്ച് പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാംപിലെ പ്രതിയും ഉള്‍പ്പെടും. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം സര്‍ക്കാരോ പോലീസോ നല്‍കിയിട്ടില്ല.അതേസമയം ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാഹചര്യം എന്തായിരുന്നു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. ഏറ്റുമുട്ടല്‍ നടത്താന്‍ ഭീകരരുടെ കയ്യില്‍ എങ്ങനെ ആയുധങ്ങള്‍ എത്തി തുടങ്ങിയ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ന് പുലര്‍ച്ചെ ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇവര്‍ ജയില്‍ചാടിയത്. ജയിലിലെ അതീവ സുരക്ഷാ മേഖലയായ ബി ബ്ലോക്കിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.രമാകാന്ത് എന്ന ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കായിരുന്നു എട്ടുപേരും ജയില്‍ ചാടിയതെന്ന് ഡി.ഐ.ജി രമണ്‍ സിങ് പറഞ്ഞു.ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്റെ കൂറ്റന്‍ മതിലില്‍ കയറിയാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്ന് രമണ്‍സിങ് വ്യക്തമാക്കി. കൊലപതാകമടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്നു രക്ഷപ്പെട്ടവര്‍.ഭോപ്പാലിലെ കോടതി കെട്ടിടം ബോംബുവച്ച് തകര്‍ക്കുമെന്ന് സിമി ഭീകരര്‍ കഴിഞ്ഞ ജൂലായില്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോടതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.2013ല്‍ 7 സിമി ഭീകരര്‍ മധ്യപ്രദേശിലെ ഖാണ്ഡ്‌വ ജയിലിലെ ബാത്ത്‌റൂം ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേല്‍പ്പിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. തോക്കും വയര്‍ലസ് സെറ്റുകളും മോഷ്ടിച്ചായിരുന്നു അന്ന് അവര്‍ രക്ഷപ്പെട്ടത്. ഇവരെ പിന്നീട് പിടികൂടുകയും ചെയ്തിരുന്നു.