ജയലളിതയുടെ വകുപ്പുകള്‍ പനീര്‍സെല്‍വത്തിന് കൈമാറി; ജയലളിത തന്നെ മുഖ്യമന്ത്രിയായി തുടരും; ഗവര്‍ണറുടെ ഉത്തരവ് പുറത്തിറങ്ങി

ചെന്നൈ: രോഗബാധിതയായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന എല്ലാ വകുപ്പുകളും ധനമന്ത്രി പനീര്‍സെല്‍വത്തിന് കൈമാറി. ദീര്‍ഘനാളുകള്‍ ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരും എന്ന ആശുപത്രി അധികൃതരുടെ അറിയിപ്പിന്റെ അടിസ്ഥാത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനുള്ള പോംവഴിയായാണ് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പുതിയ തിരുമാനത്തിലെത്തിയത്. വകുപ്പുമാറ്റത്തെ സംബന്ധിച്ച ഉത്തരവും ഗവര്‍ണര്‍ പുറത്തിറക്കി. പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് കൈമാറിയത്. ജയലളിതയുടെ ഉപദേശപ്രകാരമാണ് ചുമതലകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജയലളിത തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ഉത്തരവിലുണ്ട്. രോഗം സുഖപ്പെട്ട് അധികാരം ഏറ്റെടുക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, കാവേരി പോലുള്ള വിഷയങ്ങളില്‍ തിരുമാനമെടുക്കാന്‍ താത്കാലിക മുഖ്യമന്ത്രിയെ ഉടന്‍ തന്നെ ആവശ്യാമാണെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുകയുണ്ടായി. കടുത്ത പനിയെത്തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

© 2025 Live Kerala News. All Rights Reserved.