ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍;ജീവന്‍ നിലനിര്‍ത്തുന്നത് യന്ത്രസഹായത്തോടെ; മുഖ്യമന്ത്രി വിദഗ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍;പ്രാര്‍ത്ഥനയോടെ തമിഴകം

ചെന്നൈ: ഹൃദയാഘാതമുണ്ടായ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. യന്ത്രസഹായത്തോടെയാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ പത്രക്കുറിപ്പിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്.

jaya-mediacl

ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്റെ (എക്‌മോ) സഹായവും മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവും ജയലളിതയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സയിലും നിരീക്ഷണത്തിലും കഴിയുകയാണു ജയലളിതയെന്നും അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.അതിനിടെ, ഡല്‍ഹി എയിംസില്‍നിന്നുള്ള മെഡിക്കല്‍ സംഘം അപ്പോളോ ആശുപത്രിയിലെത്തി. ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്കു ഹൃദയാഘാതമുണ്ടായത്.മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.

© 2025 Live Kerala News. All Rights Reserved.