ശ്രീനഗര്‍: പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച ഭീകരരെ തുരത്താനുള്ള സൈന്യത്തിന്റെ ആക്രമണം മൂന്നാം ദിവസവും തുടരുന്നു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇനിയും ഒരാള്‍ കൂടി കെട്ടിടത്തിലുണ്ടെന്നാണു വിവരം. തിങ്കളാഴ്ച അതിരാവിലെയാണു ഭീകരര്‍ കെട്ടിടത്തിലൊളിച്ചത്. ശ്രീനഗര്‍ജമ്മു ദേശീയപാതയിലെ ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇഡിഐ) ബഹുനില കെട്ടിടത്തിനുനേരെ ഇന്നലെ മോര്‍ട്ടാര്‍ ഷെല്ലുകളും സൈന്യം പ്രയോഗിച്ചു. ഇതുമൂലം കെട്ടിടത്തിന്റെ പലഭാഗത്തും ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഇതേ കെട്ടിടത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിച്ച മൂന്നു ഭീകരരെ 48 മണിക്കൂര്‍ ഏറ്റുമുട്ടലിനുശേഷമാണു സൈന്യം വധിച്ചത്. മാസങ്ങള്‍ക്കുശേഷം അതേ കെട്ടിടത്തില്‍ വീണ്ടും ഭീകരര്‍ ഒളിച്ചത് സുരക്ഷാവീഴ്ചയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാരാ കമാന്‍ഡോകള്‍ സ്ഥലത്തെത്തിയെങ്കിലും ആള്‍നാശം ഒഴിവാക്കാന്‍ കെട്ടിടത്തിനകത്തേക്കു പ്രവേശിച്ചിട്ടില്ല. ഭീകരര്‍ പ്രത്യാക്രമണം നടത്തിയിട്ടില്ല. രക്ഷപ്പെടാതിരിക്കാന്‍ കെട്ടിടത്തിനു ചുറ്റും സേനാവലയം തീര്‍ത്തിട്ടുണ്ട്. കെട്ടിടത്തിന്റെ പിന്‍വശത്തുള്ള നദിയിലൂടെ ബോട്ടിലായിരിക്കണം ഭീകരര്‍ എത്തിയതെന്നു കരുതുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിആര്‍പിഎഫ് വാഹനത്തിനുനേരെ ആക്രമണം നടത്തിയ മൂന്നു ലഷ്‌കറെ തയിബ ഭീകരര്‍ ഇഡിഐ കെട്ടിടത്തില്‍ പ്രവേശിക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന 120 പേരെ ഒഴിപ്പിച്ച സുരക്ഷാസേന ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും വധിച്ചു. അന്നത്തെ ഭീകരാക്രമണത്തില്‍ രണ്ടു ക്യാപ്റ്റന്‍മാരുള്‍പ്പെടെ അഞ്ചു സൈനികരാണു വീരമൃത്യു വരിച്ചത്. അതേസമയം, ഇന്നലെ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ സിആര്‍പിഎഫ് വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ അടക്കം ഒന്‍പതു പേര്‍ക്കു പരുക്കേറ്റു.