ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ രണ്ടു ജവാന്‍മാര്‍ക്കും ആറു സിവിലിയന്‍മാര്‍ക്കും പരിക്കേറ്റു. ഷോപ്പിയാന്‍ ടൗണിലൂടെ കടന്നുപോവുകയായിരുന്ന അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക് വീണ് പൊട്ടിത്തെറിച്ചു.പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഷോപ്പിയാനിലും ആക്രമണമുണ്ടായിരിക്കുന്നത്. പാംപോറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഹോസ്റ്റലില്‍ ഒളിഞ്ഞു കയറിയ ഭീകരരുമായി ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലാണ് ഇപ്പോഴും തുടരുന്നത്. ഇന്നലെ ആക്രമണത്തില്‍ ഒരു സുരക്ഷാ സൈനികന് പരുക്കേറ്റിരുന്നു. കെട്ടിടത്തിനുള്ളില്‍ മൂന്ന് ഭീകരര്‍ ഉണ്ടെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. ഇവരെ കീഴടക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ശ്രീനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പാംപോറിലെ ഇഡിഐ ക്യാംപസിലാണ് ഇന്നലെ ഭീകരര്‍ എത്തിയത്. പാകിസ്താനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെ ബോട്ടിലാണ് ഭീകരര്‍ എത്തിയതും, കെട്ടിടത്തിനകത്തേക്ക് കയറിയതും. തുടര്‍ന്ന് ഇവര്‍ കെട്ടിടങ്ങള്‍ക്ക് തീയിടാന്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞാണ് സുരക്ഷാ സേന എത്തുന്നതും ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതും. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ആക്രമണം നടത്താന്‍ 250 ഓളം ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.