ജയലളിതയ്ക്ക് ദീര്‍ഘകാലത്തേക്ക് ആശുപത്രിയില്‍ തുടരേണ്ടി വരും; ശ്വാസതടസ്സത്തിനും അണുബാധയ്ക്കുള്ള മരുന്നുകള്‍ തുടരും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ദീര്‍ഘകാലത്തേയ്ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം തുടരേണ്ടി വരും. ജയലളിതയ്ക്ക് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന കൃത്രിമ ശ്വാസോഛാസം തുടരാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്നെത്തിയ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെയും എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെയും നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ശ്വാസതടസ്സത്തിനും അണുബാധയ്ക്കുള്ള മരുന്നുകള്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗപ്രതിരോധശേഷി തകര്‍ക്കുന്ന സെപ്‌സീസ് എന്ന രോഗമാണ് ജയലളിതയെ ബാധിച്ചിരുന്നത്. കരള്‍ മാറ്റിവയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ മാസം 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ പുറത്തിറക്കുന്ന പത്രക്കുറിപ്പല്ലാതെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മറ്റൊരു കാര്യങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

© 2025 Live Kerala News. All Rights Reserved.