ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ ആരോഗ്യം പൊതുതാല്‍പ്പര്യമല്ലെന്ന് കോടതി. ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജി പ്രശസ്തിക്കുവേണ്ടിയെന്നും കോടതി പറഞ്ഞു. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഇല്ലായിരുന്നതിനാല്‍ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കാന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.
അതേസമയം, ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം ബുധനാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി. പള്‍മണറി മെഡിസിന്‍ പ്രൊഫസര്‍ ജി.സി.ഖിലാനി, അനസ്തിയോളജി പ്രൊഫസര്‍ അന്‍ജാന്‍ ത്രിഖ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വകാര്യ ഡോക്ടറായിരുന്ന കാര്‍ഡിയോളജിസ്റ്റ് നിതിഷ് നായിക് എന്നിവര്‍ ഏതാനും ദിവസത്തേക്ക് ജയലളിതയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി അപ്പോളാ ആശുപത്രിയിലുണ്ടാകും. നിലവില്‍ ജയലളിതയെ ചികിത്സിച്ച് കൊണ്ടിരിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് എയിംസ് ഡോക്ടര്‍മാര്‍ ചികിത്സയില്‍ മാറ്റം വേണ്ടതിനെ കുറിച്ച് തീരുമാനിക്കും. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബുധനാഴ്ച അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ 22നാണ് ജയലളിതയെ പനിയെയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.