ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്ന് ജിഗ്‌നേഷ് മേവാനി;വരുന്ന യുപി തെരഞ്ഞടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കും

അഹമ്മദാബാദ്: ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്ന് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞു. ഗുജറാത്തിലായാലും യുപിയിലായാലും കേന്ദ്രത്തിലായാലും ബിജെപി അധികാരത്തിലെത്തുന്നതിനുള്ള ശ്രമം തടയാന്‍ വേണ്ടി ശ്രമിക്കുമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിഗ്നേഷ് ഇക്കാര്യം പറഞ്ഞത്.വരുന്ന യുപി തെരഞടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. ബിജെപിയെ പോലെ തന്നെ കോണ്‍ഗ്രസിെനയും തങ്ങള്‍ എതിര്‍ക്കുന്നു. ദളിതര്‍ ഇനി മുതല്‍ ചത്ത ജീവികളുടെ തോലുരിയിരുത് എന്ന ആഹ്വാനത്തെ നടപ്പിലാക്കാന്‍ ചിലപ്പോള്‍ ആയിട്ടുണ്ടാവില്ല, അത് അവരുടെ അറിവ് കുറവ് കൊണ്ടാണ്. ഇത്തരം വൃത്തി കുറഞ്ഞ ജോലി ചെയ്യാനുള്ളവരാണ് തങ്ങളെന്ന ബോധം ദളിതര്‍ മറികടക്കേണ്ടതുണ്ട്. 21ആം നൂറ്റാണ്ടിലും ഇത്തരം ജോലികളാണ് ദളിതര്‍ക്ക് ലഭിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പശുത്തോലുരിയുന്നുണ്ട്. ദളിതര്‍ തീര്‍ച്ചയായും അംബേദ്ക്കറുടെ വാക്കുകളായ പട്ടിണിയാണെങ്കിലും കീഴടങ്ങരുത് എന്ന വാക്കുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. മറാത്ത പ്രക്ഷോഭം ഒന്നുമല്ലെങ്കിലും ജനശ്രദ്ധ തിരിച്ചു വിടാന്‍ അതുപകരിക്കപ്പെടുന്നുണ്ടെന്നും ജിഗ്‌നേഷ് പറഞ്ഞു. അച്ഛേ ദിന്‍ വന്നിട്ടില്ല,പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആവുന്നില്ല, നര്‍മ്മദയിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്നില്ല. ഈ പ്രശ്‌നങ്ങളെയൊക്കെ മറച്ചു പിടിക്കാന്‍ ഈ പ്രക്ഷോഭം ഉപകരിക്കുന്നുണ്ട് . ഗുജറാത്ത മോഡല്‍ വികസനത്തെ തുറന്നു കാട്ടുന്നതിനായി ബുന്ദേല്‍ഖണ്ഡ് മുതല്‍ ലഖനൗ വരെ 15 ദിവസം നീണ്ടു നില്‍ക്കുന്ന മാര്‍ച്ച് ഈ വര്‍ഷം അവസാനം സംഘടിപ്പിക്കുമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.