ലക്‌നൗ: മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. സഹോദരപുത്രനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കണ്ട ശേഷമാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. അഖിലേഷ് യാദവിന് ശിവ്പാല്‍ രാജിക്കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനൊപ്പം സമാജ്‌വാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനവും അദ്ദേഹം രാജിവച്ചു. പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം ശക്തമാക്കി. അഖിലേഷ് യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കിയ പിതാവ് മുലായംസിങ് യാദവ്, ശിവ്പാല്‍ യാദവിനെ ആ സ്ഥാനത്ത് നിയോഗിച്ചതോടെ പാര്‍ട്ടിയിലെ ആഭ്യന്തരകലഹം രൂക്ഷമായിരുന്നു. ശിവ്പാലിനെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് അഖിലേഷ്, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റുകയും ചെയ്തു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാം ശുഭമാണെന്നും മുലായം സിങ് ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ തീരുമാനമാണ് അന്തിമമെന്നും മറ്റ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവും വ്യക്തമാക്കിയിരുന്നു.