ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു)നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ-എസ്എഫ്ഐ സഖ്യത്തിന് ഉജ്ജ്വല വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ പ്രധാനപ്പെട്ട നാലു സീറ്റുകളും എസ്എഫ്‌ഐ, ഐസ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. നേരത്തെ ഫലമറിഞ്ഞ ഭൂരിഭാഗം ഡിപ്പാര്‍ട്ടുമെന്റുകളിലെ കൗണ്‍സിലര്‍ സീറ്റുകളിലും റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ഐസ-എസ്എഫ്‌ഐ സഖ്യമായ യുണൈറ്റഡ് ലെഫ്റ്റിന്റെ വിജയം.പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാര്‍ത്ഥി മോഹിതാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐക്കാരനും മലയാളിയുമായ അമലാണ് യുണൈറ്റഡ് ലെഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 12 വര്‍ഷത്തിന് ശേഷം യൂണിയന്‍ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് അമല്‍. എസ്.എഫ്.ഐ പ്രവര്‍ത്തകയും യുണൈറ്റഡ് ലെഫ്റ്റിന്റെ സ്ഥാനാര്‍ത്ഥിയുമായ സ്വത്‌രൂപ ചക്രവര്‍ത്തിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 900ത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുളള മത്സരത്തില്‍ ഐസയുടെ പ്രവര്‍ത്തകനും യുണൈറ്റഡ് ലെഫ്റ്റിന്റെ സ്ഥാനാര്‍ത്ഥിയുമായ തബരേഷ് ചൗഹാന്‍. ജെ.എന്‍.യുവിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സ്‌കൂള്‍ ഓഫ് സയന്‍സിലെ 5 കൗണ്‍സിലര്‍ സീറ്റിലും വിജയിച്ചത്. ഐശ്വര്യ ഭട്ടാചാര്യ, ഉപാസന ഹസാരിക, ചേതന ത്രിവേദി, സുമന്ത് റോയ്, ജയപ്രകാശ്പ്രസാദ് എന്നിവരാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ചത്. കൗണ്‍സിലര്‍ സീറ്റുകളില്‍ ഭൂരിഭാഗവും ഇടതുസഖ്യത്തിന് തന്നെയാണ്. 29 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും 18 സ്ഥലത്തുമാത്രമാണ് രാഷ്ട്രീയ അടിസ്ഥാനത്തില്‍ മല്‍സരമുണ്ടായിരുന്നത്. ഇതില്‍ 15 എണ്ണം ഐസ–എസ്എഫ്‌ഐ സഖ്യം സ്വന്തമാക്കി. ഒരു സീറ്റ് എബിവിപിയും ഒരു സീറ്റ് ഡിഎസ്എഫും നേടി. 12 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.വിജയികളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.