തൃശൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി കെ. പത്മകുമാറിന് ഉപാധികളോടെ ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിനേയും കേസില്‍ പ്രതികളാക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ മറികടന്ന് സിമന്റ് ഡീലര്‍ഷിപ്പ് അനുവദിച്ചതിലൂടെ 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ തിങ്കളാഴ്ചയാണ് പത്മകുമാറിനെ ഡിവൈഎസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ എം.ഡി. സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി വിജിലന്‍സ് ജഡ്ജിക്കുമുന്നില്‍ പത്മകുമാറിനെ ഹാജരാക്കിയിരുന്നു. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.