സൂറത്ത്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുപ്പിച്ച് സൂറത്തില്‍ ബിജെപി നടത്തിയ യോഗം ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ അലങ്കോലപ്പെടുത്തി. പുതുതായി ചുമതലയേറ്റ വിജയ് രൂപാനി സര്‍ക്കാരിലെ പട്ടേല്‍ മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത് .ഗുജറാത്തില്‍ പിണങ്ങി നില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ അടുപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സംവരണ പ്രക്ഷോഭകാരികള്‍ അടിച്ചു തകര്‍ത്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് സമ്മേളനം നടന്നത്. ഈ സമ്മേളനത്തിലേക്ക് ഹര്‍ദിക് പട്ടേല്‍സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് കടന്നു വന്ന പട്ടേല്‍ വിഭാഗക്കാര്‍ സമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു. വേദിയിലുണ്ടായിരുന്ന കസേരകള്‍ അടിച്ചു തകര്‍ത്തു. അമിത് ഷായും കേന്ദ്ര മന്ത്രി പുരുഷോത്തം രൂപാലയും പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പ്രസംഗിക്കാനായി എഴുന്നേറ്റ അമിതാ ഷാക്ക് ആറ് മിനിറ്റ് മാത്രമാണ് സദസ്സിനെ അഭിസംബോധന ചെയ്യാനായത്. വേദിയിലേക്ക് പാഞ്ഞടുക്കാന്‍ ശ്രമിച്ച 40ഓളം വരുന്ന പട്ടേല്‍ സമുദായ നേതാക്കളെ പൊലീസ് തടഞ്ഞു.ബി.ജെ.പിയുടെ ശക്തി തെളിയിക്കുന്നതിന് പുറമെ സംവരണ വിഷയത്തില്‍ നേതൃത്വവുമായി പിണങ്ങിനില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ് അമിത് ഷായുടെ നിര്‍ദേശപ്രകാരം സൂറത്തില്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് പരിപാടി അലങ്കോലപ്പെടാന്‍ കാരണമെന്ന് സംഘം ബിജെപി നേതാക്കള്‍ ആരോപിച്ചു.