കെ ബാബുവിന്റെ ഇളയമകളുടെ ബാങ്ക് ലോക്കറില്‍ 100 പവന്‍ സ്വര്‍ണം; കുടുംബ സ്വത്തിന്റെ ഭാഗമായുള്ള സ്വര്‍ണമാണെന്ന് മരുമകന്‍;ഇനി തുറക്കാനുള്ളത് മൂന്ന് ലോക്കറുകള്‍; പരിശോധന തുടരുന്നു

കൊച്ചി: മുന്‍മന്ത്രി കെ ബാബുവിന്റെ ഇളയമകളുടെ പേരിലുള്ള രണ്ടാം ലോക്കറില്‍ നിന്ന് നൂറിലേറെ പവന്‍ സ്വര്‍ണം വിജിലന്‍സ് കണ്ടെടുത്തു.തമ്മനം യൂണിയന്‍ ബാങ്കിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കുടുംബ സ്വത്തിന്റെ ഭാഗമായുള്ള സ്വര്‍ണമാണെന്ന് ബാബുവിന്റെ മരുമകന്‍ അവകാശപ്പെട്ടു. നേരത്തെ ഇവരുടെ വെണ്ണലയിലെ പിഎന്‍ബി ലോക്കറില്‍ നിന്നും 120 പവന്‍ സ്വര്‍ണം പിടിച്ചെടുത്തിരുന്നു.വിജിലന്‍സ്.അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെതിരെ വിജിലന്‍സിന്റെ തെളിവെടുപ്പ് തുടരുകയാണ്. കൊച്ചി, പാലാരിവട്ടത്തെ ഇളയ മകളുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്നും 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തമ്മനത്തെ യൂണിയന്‍ ബാങ്കിലെ ലോക്കറില്‍ നിന്നാണ് ഇന്ന് നൂറിലേറെ പവന്‍ സ്വര്‍ണം കണ്ടെടുത്തത്. ഇനിയും മൂന്ന് ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ട്. തൃപ്പൂണിതത്തുറയിലെ സ്റ്റേറ്റ് ബാങ്കില്‍ ബാബുവിന്റെ പേരിലുള്ള ലോക്കറും ഇന്ന് വിജിലന്‍സ് പരിശോധിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്. ബാബുവിന്റെയും രണ്ട് മക്കളുടെയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെയും വീടുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മകളുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിക്കുന്നത്. അന്ന് നടത്തിയ പരിശോധനയില്‍ ബാബുവിന്റെ വീട്ടില്‍ നിന്നും 180 ഗ്രാം സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ഭൂമി ഇടപാടുകളുടെ രേഖകളും കണ്ടെടുത്തിരുന്നു. ബാബുവിന് തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി അടക്കം കോടികളുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നത്.

© 2025 Live Kerala News. All Rights Reserved.