നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴിതേടും; ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മനഃപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ല;ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെബാബു; വിജിലന്‍സ് ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ബാര്‍ കോഴക്കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴിതേടുമെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം നേരിട്ടവരാണ് ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും ബാബു പറഞ്ഞു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മനഃപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണ സംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്നും ബാബു വ്യക്തമാക്കി. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ബാബുവിന്റെ പ്രതികരണം. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം അനുസരിച്ചാണ് ബാര്‍ പൂട്ടിയത്. ആ മദ്യനയത്തിന്റെ ഇരയാണ് താന്‍. ബാറുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തന്റെ പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കുന്നതായും ചാനല്‍ അഭിമുഖത്തില്‍ കെ. ബാബു പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.