തിരുവനന്തപുരം: കെ എം മാണി ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും മുസ്ലിംലീഗ് വര്‍ഗ്ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടിയാണെന്നും വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇവരുമായി സിപിഎമ്മിന് യോജിക്കാനാകില്ല. ഈ പാര്‍ട്ടികള്‍ വെച്ചുപുലര്‍ത്തുന്ന ആശയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയവുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനോടും കെ എം മാണിയോടും സിപിഎം സംസ്ഥാന നേതൃത്വം മൃദു സമീപനം പുലത്തുന്ന സാഹചര്യത്തിലാണ് വിഎസ് ഇത് തകര്‍ക്കുന്നത്. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ അതേ അഭിപ്രായമാണ് വിഎസും പ്രകടിപ്പിച്ചത്. യുഡിഎഫ് വിട്ട ശേഷം മാണിയെ ഒപ്പം കൂട്ടാമെന്ന രീതിയിലാണ് സിപിഎം സമീപനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയും മാണിയെ പരോക്ഷമായി ക്ഷണിച്ച സാഹചര്യത്തിലാണ് വിഎസിന്റെ രംഗപ്രവേശം. മുസ്ലിം ലീഗുമായി സഹകരിക്കുന്നതിന് സിപിഎമ്മിന് മടിയില്ലെന്നും ദേശാഭിമാനി ലേഖനത്തില്‍ പറയുന്നുണ്ട്. യുഡിഎഫിലെ കക്ഷികളുമായി പ്രശ്നാധിഷ്ഠിത സഹകരണത്തിന് പാര്‍ട്ടി തയ്യാറാണെന്നും വര്‍ഗ്ഗീയതയുടെ പേരുപറഞ്ഞ് ഒരു പാര്‍ട്ടിയേയും അകറ്റി നിര്‍ത്തേണ്ടെന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ എല്ലാ നീക്കങ്ങളെയും പൊളിച്ചടുക്കുന്നതാണ് വിഎസിന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.