കശ്മീര്‍ പ്രശ്‌നത്തില്‍ പരാതിപ്പെടാന്‍ പാകിസ്താന് അവകാശമില്ല; പാകിന്റെ നീക്കം ഭീകരപ്രവര്‍ത്തനങ്ങളെ വെള്ളപൂശാനാണെന്നും ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നം രാജ്യാന്തരവേദികളില്‍ പരാതിപ്പെടാന്‍ പാകിസ്താന് അവകാശമില്ലെന്നും ഇത്തരം നീക്കം പാകിസ്താന്‍ അതിര്‍ത്തി കടന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ വെള്ളപൂശാനാണെന്നും ഇന്ത്യ വ്യക്തമാക്കി. ജൂലൈ 25ന് സുരക്ഷാസേന പിടികൂടിയ ബഹാദൂര്‍ അലി എന്ന ലഷ്‌കര്‍ ഭീകരന്റെ കുറ്റസമ്മതം അതിര്‍ത്തി കടന്നു നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളിലുള്ള പാകിസ്താന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അമേരിക്കന്‍ സെക്രട്ടറി ജനറലും യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ എന്നിവര്‍ക്ക് കശ്മീര്‍ സംബന്ധിച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് കത്തെഴുതുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്. ജമ്മു കശ്മീരിലെ അക്രമാസക്തമായ ആള്‍ക്കൂട്ടത്തിന്റെ കല്ലേറിലും മറ്റും 3,780 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റെന്ന ഏക കാര്യംതന്നെ കശ്മീരില്‍ സൈന്യം എത്ര സംയമനം പാലിക്കുന്നുവെന്നതിന്റെ തെളിവാണെന്നു വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജ്യസഭയില്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.