നിലപാട് കടുപ്പിച്ച് കെ എം മാണിയും കൂട്ടരും; കേരള കോണ്‍ഗ്രസ് എം ബിജെപിയിലേക്കെന്ന് സൂചന; യുഡിഎഫിലും പാര്‍ട്ടിക്കുള്ളിലും ഒരുപോലെ അപസ്വരങ്ങള്‍

തിരുവനന്തപുരം: യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച കേരള കോണ്‍ഗ്രസ് എം ബിജെപിയിലേക്കെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടി ക്യാമ്പുകളില്‍ത്തന്നെയാണ് നടക്കുന്നത്. 28 എംഎല്‍എമാരുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനിപ്പോള്‍ കേവലം ആറംഗങ്ങളാണുള്ളത്. ഇതിന് കാരണം കോണ്‍ഗ്രസാണെന്നിവര്‍ പരസ്യമായിത്തന്നെ ആരോപിക്കുന്നുണ്ട്. അടുത്ത യുഡിഎഫ് യോഗത്തിലും തങ്ങള്‍ പങ്കെടുക്കില്ലെന്ന് കെഎം മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതോടെയാണ് യോഗം മാറ്റിയത്.
ചരല്‍കുന്നില്‍ അടുത്ത മാസം ആറ്, ഏഴ് തീയ്യതികളില്‍ കേരള കോണ്‍ഗ്രസ് ക്യാംപ് നടക്കും. ഇതിന് ശേഷം മാത്രമേ യുഡിഎഫുമായി തുടര്‍ന്ന് സഹകരിക്കുന്ന കാര്യം കേരള കോണ്‍ഗ്രസ് തീരുമാനിക്കൂ. ഇക്കാര്യമാണ് മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്. അടുത്തമാസം നാലിന് ഉഭയകക്ഷി ചര്‍ച്ച നടത്താനായിരുന്നു ഇന്നലെ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരുന്നത്. മാണി നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചപോലും അസാധ്യമായി. ഓഗസ്റ്റ് 10ന് ശേഷം മാത്രം ചര്‍ച്ചയെന്നതാണ് ഇപ്പോള്‍ മാണിയുടെ നിലപാട്. ബാര്‍ കോഴി വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉന്നയിച്ചാണ് കേരള കോണ്‍ഗ്രസിന്റെ വിലപേശലും സമ്മര്‍ദ്ദവും.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിനോട് കെഎം മാണിക്ക് കടുത്ത വിയോജിപ്പാളുള്ളത്. ബാര്‍ കോഴ വിവാദത്തില്‍ രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാടുകള്‍ മാണിയെയും കേരള കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് മാണി അഭിപ്രായപ്പെടുന്നത്. ഇക്കാര്യം മറ്റ് ഘടകകക്ഷി നേതാക്കളെയും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെയും മാണി അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല മുന്നണി ചെയര്‍മാനായതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്നലെയുണ്ടായത്. ആ യോഗത്തിലേക്ക് മാണിയെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്തുണ്ടായിട്ടും പിജെ ജോസഫും യോഗത്തിനെത്തിയില്ല. യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതിനായി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതിലുപരി മറ്റുള്ള തീരുമാനത്തിലേക്ക് പോകുന്നതിനോട് ജോസഫിന് യോജിപ്പില്ല. ഇക്കാര്യം ജോസഫ് കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നതിനോട് ഭൂരിഭാഗം നേതാക്കള്‍ക്കും താല്‍പര്യമില്ലെന്നാണറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല. എന്‍ഡിഎ ഘടകകക്ഷിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി നല്‍കിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.