അധ്യാപകന്റെ കൈവെട്ടിയ മോഡല്‍ ആക്രമണം വീണ്ടും; ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ കഥാകൃത്ത് ക്രൂരമര്‍ദ്ധനമേറ്റ് ആശുപത്രിയില്‍; ജിംഷാറിനെ ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

തൃശൂര്‍: ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ മോഡല്‍ ആക്രമണം വീണ്ടും. ‘പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനം’ എന്ന കഥാസമാഹരത്തിന്റെ കര്‍ത്താവായ ജിംഷാറിനാണ് പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഒരു സംഘം വളഞ്ഞുവച്ച് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ജിംഷാര്‍ പറഞ്ഞു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജിംഷാറിന്റെ ‘പടച്ചോന്റെ ചിത്ര പ്രദര്‍ശനം’ എന്ന പുസ്തകത്തിന്റം കവര്‍ വാട്‌സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജിംഷാറിന് എതിരെ അക്രമം ഉണ്ടായത്. കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയിലായിരുന്നു ആക്രമണം. കൂറ്റനാട് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയപൂര്‍വ്വം സംസാരിക്കുകയായിരുന്നു. സംസാരം തുടരുന്നതിനിടയില്‍ മറ്റ് മൂന്നു പേര്‍കൂടി എത്തുകയും ജിംഷാറിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയിരുന്നു. നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ചായിരുന്നു ആകമണം. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് നിലത്തുവീണ ജിംഷാറിനെ ഉപേക്ഷിച്ച് സംഘം ഓടിമറയുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞെത്തിയ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജിംഷാറിനെ കൂറ്റനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം പൊലീസ് ഏകപക്ഷീയമായി പെരുമാറിയതായി ആരോപണമുണ്ട്. പോലീസുകാര്‍ മൊഴിയെടുക്കലിനിടയില്‍ തന്നോട് മദ്യപിച്ചിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചതായും ജിംഷാര്‍ പറഞ്ഞു. മതതീവ്രവാദികളുടെ ആക്രമണത്തിനെതിരെ വ്യാപകപ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.