തിയറ്ററുകളെ ഇളക്കിമറിച്ച കബാലി; സമ്മിശ്രപ്രതികരണം; ആരാധകര്‍ക്ക് ആവേശം

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്നു. രജനി ഫാന്‍സ് ആവേശത്തിന്റെ കൊടുമുടിയില്‍ അഭിരമിക്കുമ്പോഴും ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി. കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ആദ്യഷോ. ഷോയ്ക്കു മുമ്പേ തീയറ്ററിലെത്തിയ ആരാധകര്‍ ചിത്രത്തിന്റെ ഫഌ്‌സില്‍ പാലഭിഷേകം നടത്തി. രജനീ ആരാധകര്‍ ആവേശപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നല്‍കുന്നില്ല എന്നതാണ് ചിത്രം കണ്ടിറങ്ങിയ പലരുടേയും അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. രജനി എന്ന അതിമാനുഷന്‍ നായകനായെത്തുമ്പോള്‍ ചിത്രത്തിന് ഉണ്ടാകുമെന്ന് കരുതിയ പഞ്ച് കണ്ടില്ല എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്ന് നിരാശാബോധത്തോടെ ഇവര്‍ പരിതപിക്കുന്നു. പ്രതീക്ഷകളുടെ അമിത ഭാരവുമായി കബാലി കാണാന്‍ കഷ്ടപ്പെട്ട് തിയേറ്ററുകളില്‍ ത്തുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം എന്ന് കണ്ടിറങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നു. രജനിയുടെ പതിവ് അമാനുഷികതയില്ലാതെ മികച്ച ചിത്രമാണ് കബാലിയെന്ന് പറയുന്നവരും കുറവല്ല. ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്. പാ രഞ്ജിത് ആണ് ചിത്രത്തിന്റെ സംവിധാനം.

© 2025 Live Kerala News. All Rights Reserved.