കൊച്ചി: ഹൈക്കോടതി വളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടവും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും. മീഡിയവണ്‍ കാമറാമാന്‍ മോനിഷ് മോഹനെ ഒരു സംഘം അഭിഭാഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ക്യാമറ തല്ലിത്തകര്‍ത്തു. ഡിഎസ്എന്‍ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനും മര്‍ദ്ധനമേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസിനും കാമറാമാന്‍ രാജേഷ് തകഴിക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. ഹൈക്കോടതിയിലെ മീഡിയ റൂം അഭിഭാഷകര്‍ താഴിട്ട് പൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ മര്‍ദനം ഉണ്ടാകുന്നത്. ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം വീണ്ടും. ഹൈക്കോടതിയിലെ മീഡിയ റൂം, അഭിഭാഷകര്‍ ബലമായി പൂട്ടി. ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് അഭിഭാഷകര്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തു നിലയുറപ്പിച്ചു. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. ആക്രമണത്തിനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ ഒരുസംഘം അഭിഭാഷകര്‍ വണ്ടിയിടിച്ച് കൊല്ലാന്‍ശ്രമിച്ചതായി ആരോപണം. സമരക്കാര്‍ക്കിടയിലേക്ക് അതിവേഗം ബൈക്കോടിച്ച് കയറ്റാനായുരുന്നു ശ്രമം. അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു കൊച്ചി കോണ്‍വെന്റ് റോഡില്‍വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് പൊലീസ് ഗവ.പ്ലീഡറായ ധനേഷിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കുകയും അതിലുറച്ചുനില്‍ക്കുകയും ചെയ്‌തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്നുമാണ് അഭിഭാഷകരുടെ വാദം. കേട്ടാറയ്ക്കുന്ന അസഭ്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ചത്.
.