ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധസമയത്ത് പാകിസ്താനില്‍ വ്യോമാക്രമണം നടത്തുന്നതിന് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായും അവസാന നിമിഷം ആ നീക്കത്തില്‍ നിന്ന് പിന്‍മാറിയതായുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ വെച്ച് പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു പാക് വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണത്തിന് സജ്ജരാകാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചത്. അന്ന് പാകിസ്താന് നേരെ ആക്രമണം നടന്നിരുന്നുവെങ്കില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഒരു വന്‍ യുദ്ധം തന്നെ നടക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്താനില്‍ ആക്രമണം നടത്തുന്നതിന് വ്യോമസേനയെ തയ്യാറാക്കിയിരുന്നുവെന്നും ഏവിടെയൊക്കെ ആക്രമണം നടത്തണം എന്നത് സംബന്ധിച്ച വിവരങ്ങളും വ്യോമസേനയ്ക്ക് കൈമാറിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 16 യുദ്ധവിമാനങ്ങളാണ് പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഒരുങ്ങി നിന്നിരുന്നത്. പാക് അധീനകാശ്മീരിലെ പാക് വ്യോമതാവളം, റാവല്‍പിണ്ടിയിലെ ചാല വ്യോമതാവളം എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. 1999 ജൂലൈ 13 ന് യുദ്ധസന്നദ്ധരായി പൈലറ്റുമാര്‍ എത്തി. ഡല്‍ഹിയില്‍ നിന്ന അനുമതി ലഭിച്ചാല്‍ ഉടന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ഓടെ പൈലറ്റുമാരെ വ്യോമസേന തിരികെ വിളിക്കുകയായിരുന്നു.