ഏഴ് ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പാചകവാതക സബ്‌സിഡിയില്ല; പ്രതിവര്‍ഷവരുമാനം പത്ത് ലക്ഷത്തിന് മുകളിലുള്ളവര്‍ക്കാണ് സബ്‌സിഡി നിര്‍ത്തലാക്കിയത്

ന്യൂഡല്‍ഹി: ഉയര്‍ന്ന വരുമാനമുളള ഏഴ് ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പാചകവാതക സബ്‌സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷവരുമാനം 10 ലക്ഷം രൂപയില്‍ മുകളിലുളളവര്‍ക്കാണ് സബ്‌സിഡി പരിധിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. സബ്‌സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപക്ക് മുകളില്‍ നികുതിനല്‍കേണ്ട വരുമാനമില്ലെന്ന സ്വയം സാക്ഷ്യപത്രം നല്‍കണം. പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ 12 സിലിണ്ടര്‍ വര്‍ഷത്തില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ വാണിജ്യവില നല്‍കണം. സബ്‌സിഡി ഏറ്റവും അത്യാവശ്യമായ പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടി. അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാകും സബ്‌സിഡി ഒഴിവാക്കുക.

നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് എല്‍പിജി സബ്‌സിഡി ലഭിക്കുന്നത്. അത്യാവശ്യക്കാര്‍ക്ക് മാത്രം സബ്‌സിഡിയെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രചരണത്തെ തുടര്‍ന്ന് 57.5 ലക്ഷം പേര്‍ സബ്‌സിഡി സ്വയം വേണ്ടെന്നുവെച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഓരോ വര്‍ഷവും പാചകവാതക സബ്‌സിഡി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നത്.

© 2025 Live Kerala News. All Rights Reserved.