എം കെ ദാമോധരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിയും; അദേഹം പദവി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ഒടുവില്‍ വിവാദങ്ങള്‍ക്ക് വിട. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം അദേഹം ഒഴിയും. പ്രതിപക്ഷത്തിന് പിന്നാലെ സിപിഐ കൂടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെതിരെ രംഗത്ത് വന്നതോടെയാണ് സ്ഥാനം ഒഴിയാനുളള സമ്മര്‍ദ്ദം ശക്തമായത്. കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എം.കെ ദാമോദരനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നെയാണ് മാധ്യമങ്ങളോട് സ്ഥാനം ഒഴിയുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല.എന്നാല്‍ പ്രതിഫലം പറ്റാത്ത പദവിയായതിനാല്‍ ദാമോദരന് ഏത് കേസിലും ഹാജരാകാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.
നേരത്തെ ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായി എം.കെ ദാമോദരന്‍ ഹാജരായത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെയുളള കേസല്ല ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി സിപിഐഎം ഈ ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐഎന്‍ടിയുസി നേതാവിന് വേണ്ടി ഹാജരായതാണ് രണ്ടാമത്തെ കേസ്.സര്‍ക്കാരിനെതിരായ കേസാണ് ഇതെങ്കില്‍ അന്വേഷിക്കുമെന്നും നടപടി എടുക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കശുവണ്ടി കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് ദാമോദരന്‍ ഹാജരായത്. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എതിര്‍കക്ഷിയാകുന്ന ക്വാറി ഉടമകളുമായുളള കേസില്‍ ദാമോദരന്‍ ഹാജരായത്.കണ്ണൂരിലെ രണ്ടു ക്വാറികളും പത്തനംതിട്ടയിലെ ഒരു ക്വാറിയുമാണ് പരിസ്ഥിതി അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ഇങ്ങനെ സര്‍ക്കാറിനെതിരെയുള്ള പോരാട്ടങ്ങളിലെല്ലാം എം കെ ദാമോധരന്‍ ഹാജരായിരുന്നു. പിണറായി മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെയുണ്ടായ വിവാദം ഇതോടെ കെട്ടടങ്ങുകയായി.

© 2025 Live Kerala News. All Rights Reserved.